ULCC ചെയര്‍മാന്‍ ശ്രീ.രമേശന്‍ പാലേരിയുടെ നിര്യാണത്തില്‍ കേരള ബാങ്കിന്‍റെ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
കേരളം കണ്ട ഏറ്റവും മികച്ച സഹകാരി. സഹകരണ മേഖലയുടെ സാധ്യതകളും പ്രസക്തിയും ലോകത്തിന് മുന്നില്‍ തെളിയിച്ച പ്രതിഭയാണ് ശ്രീ. രമേശന്‍ പാലേരി. വടക്കന്‍ മലബാറിലെ ഒരു കൊച്ചു ഗ്രാമമായ ഊരാളുങ്കലിന്‍റെ പേരിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകം മുഴുവന്‍ അറിയപ്പെട്ടതിനു പിന്നില്‍ ശ്രീ. രമേശന്‍ പാലേരിയുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവുമാണ്. തൊഴില്‍ രഹിതരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കു വേണ്ടി 1925 - ല്‍ രജിസ്റ്റര്‍ ചെയ്ത ഊരാളുങ്കല്‍ സംഘത്തിന് കേരള സംസ്ഥാന സഹകരണ ബാങ്കുമായി ഒരു നൂറ്റാണ്ടിലേറെ കാലമായുള്ള ബന്ധമാണുള്ളത്.
അന്നത്തെ മലബാര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 1926-ല്‍ 500 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് തുടങ്ങി പ്രവര്‍ത്തനം വിപുലമാക്കിയ ULCC നിലവില്‍ 2000 കോടിയിലധികം രൂപ ടേണ്‍ ഓവര്‍ ഉള്ള സ്ഥാപനമായി വളര്‍ന്നപ്പോഴും കേരള ബാങ്കിന്‍റെ വിലപ്പെട്ട കസ്റ്റമറായി തന്നെ തുടരുന്നു എന്നത് സഹകരണ കൂട്ടായ്മയുടെ കരുത്തും വേറിട്ട മാതൃകയുമാണ്.
1995-ല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ പത്താമത്തെ പ്രസിഡന്‍റായി 35 വയസ്സുള്ള രമേശന്‍ പാലേരി ചുമതലയേറ്റതുമുതല്‍, 70 പിന്നിട്ട ULCC ലോകം കീഴടക്കാന്‍ തുടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.
അച്ചടക്കത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സ്ഥാപനത്തിന്‍റെ ഉയര്‍ച്ചയുടെ അവകാശികളെന്ന് എടുത്തു പറഞ്ഞുകൊണ്ട് പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്ന അദ്ദേഹം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത കോണ്‍ട്രാക്റ്റുകള്‍ വിശ്വസ്തതയോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. രാമനാട്ടുകര -വെങ്ങളം ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ULCC യുടെ പിന്നീടുള്ള വളര്‍ച്ച നാം നേരിട്ടുകാണുന്നതാണ്. കേരളത്തിലെ മികച്ച റോഡുകളും പാലങ്ങളും ULCC യെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു. അതോടൊപ്പം തൊഴില്‍ സാധ്യതകളും. ഒരേ വഴിയിലൂടെ യാത്ര ചെയ്യാനല്ല അദ്ദേഹം ആഗ്രഹിച്ചത്. പുതു തലമുറക്കായി തൊഴിലാളികളുടെ ഉടമസ്ഥതയിലും സഹകരണ മേഖലയിലുമുള്ള ലോകത്തെ ആദ്യത്തെ IT പാര്‍ക്കായ UL സൈബര്‍ പാര്‍ക്കിന് തുടക്കം കുറിച്ച് വീണ്ടും സഹകരണ പെരുമ ഉയര്‍ത്തി. പാര്‍പ്പിട നിര്‍മ്മാണ രംഗത്തും സൊസൈറ്റി സ്ഥാനമുറപ്പിച്ചു. പാറക്വാറികള്‍ക്ക് ചുറ്റുമുള്ള തരിശു പ്രദേശങ്ങളില്‍ കൃഷി രീതികളും പരീക്ഷിച്ചു.
വ്യവസായ ഉപഭോക്തൃ സേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമാണ് ഊരാളുങ്കല്‍. ഇന്‍റര്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വം നേടുന്ന ആദ്യ സംഘവും ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ വികസന പദ്ധതി വിഭാഗം മാതൃകാ സംഘമായി തിരഞ്ഞെടുത്തതും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെയാണ്. അംഗങ്ങളായ തൊഴിലാളികളുടെ മാത്രമല്ല ഒരു നാടിന്‍റെയാകെ ക്ഷേമം ഉറപ്പാക്കുന്നതിന് രൂപീകരിച്ച ULCC ഫൗണ്ടേഷനിലൂടെ ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കും പ്രത്യേക പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ഒരു മാതൃകയാണ് അതിലുപരി രമേശന്‍ പാലേരി എന്ന വ്യക്തിയുടെ ദീര്‍ഘ വീക്ഷണവും കഠിനാധ്വാനവും സമുഹത്തിന്‍റെ വളര്‍ച്ചക്ക് കാരണമാവുകയാണ്. ULCC യിലെ പതിനെട്ടായിരത്തോളം ജീവനക്കാരുടെയും UL സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്ന 2000 ത്തോളം യുവ പ്രൊഫഷണലുകളുടെയും ഈ പ്രസ്ഥാനത്തിന്‍റെ ഗുണഫലങ്ങള്‍ ലഭിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെയും മാത്രം നഷ്ടമല്ല ഈ വിയോഗം. സാമൂഹിക പ്രതിബദ്ധതയുള്ള കേരള സമൂഹത്തിന്‍റെ സഹകരണ പ്രസ്ഥാനത്തിന്‍റെ നഷ്ടമാണ്.
കവി എന്‍. എന്‍. കക്കാടിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ എല്ലാവരും സഞ്ചരിക്കുന്ന പെരുവഴി മുന്നിലുള്ളപ്പോള്‍ ദുരിതങ്ങള്‍ സഹിച്ച് പുതുവഴി വെട്ടുന്നവര്‍ വിരളമാണ്. തടസ്സങ്ങളെ നിഷ്പ്രഭമാക്കികൊണ്ട് രമേശന്‍ പാലേരി എന്ന ക്രാന്തദര്‍ശി തുറന്നിട്ട പുതുവഴികളിലൂടെ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാം..... അദ്ദേഹം കൊളുത്തിയ വിളക്കുകള്‍ അണയാതെ സൂക്ഷിക്കാം...
കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ കേരള ബാങ്കും പങ്കുചേരുന്നു.