മലയാളിയുടെ സ്വന്തം ബാങ്കായി കേരള ബാങ്ക് വളർന്നു കഴിഞ്ഞു - മന്ത്രി ശ്രീ. വി.എൻ. വാസവൻ
കേരളത്തിന്റെ സ്വന്തം ബാങ്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള ബാങ്ക് ഇന്ന് ലോകത്തെമ്പാടുമുള്ള മലയാളികളുടെ സ്വന്തം ബാങ്കായി വളർന്നു കഴിഞ്ഞതായി ബഹു: സഹകരണ വകുപ്പു മന്ത്രി ശ്രീ. വി.എൻ. വാസവൻ.
തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഹോട്ടലിൽ വച്ചു നടന്ന കേരള ബാങ്കിന്റെ കുടിശ്ശിക നിവാരണ യജ്ഞങ്ങളുടെ ഭാഗമായുള്ള പ്രസിഡൻഷ്യൽ അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബിസിനസ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബാങ്കിന്റെ വിവിധ കുടിശ്ശിക നിവാരണ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ നിഷ്ക്രിയ ആസ്തി 25% കുറച്ച 227 ശാഖകൾക്കും, ഈ ഉദ്യമത്തിന് പിന്തുണ നൽകിയ 8 ഏരിയ മാനേജർമാർക്കും, 25% നിഷ്ക്രിയ ആസ്തി കുറച്ച കണ്ണൂർ ജില്ലക്കും വായ്പാ കുടിശ്ശിക ഒന്നുമില്ലാത്ത കാസർഗോഡ് പെർള ശാഖയ്ക്കുമാണ് പ്രസിഡൻഷ്യൽ അവാർഡ് ലഭിച്ചത്. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കൽ അധ്യക്ഷനായി.
“Jubilant June” എന്ന ക്യാമ്പയിന്റെ ഭാഗമായി 2024 ജൂൺ മാസം മുതൽ ആരംഭിക്കുന്ന കറന്റ്, സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴച്ചാർജ് ഉൾപ്പെടെ യാതൊരു സർവീസ് ചാർജുകളും ബാങ്ക് ഈടാക്കുന്നതല്ല എന്ന തീരുമാനം യോഗത്തിൽ അറിയിച്ചു.
വൈസ് പ്രസിഡന്റ് ശ്രീ. എം.കെ. കണ്ണൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ. വി. രവീന്ദ്രൻ, ഡയറക്ടർമാരായ ശ്രീ. അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ, അഡ്വ: എസ്. ഷാജഹാൻ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ശ്രീ. ബി.പി. പിളള, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം. ചാക്കോ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ.സി. സഹദേവൻ, ജനറൽ മാനേജർ, ഡോ: ആർ. ശിവകുമാർ എന്നിവർ സംസാരിച്ചു.
ബാങ്കിന്റെ ഭരണസമിതി അംഗങ്ങളായ ശ്രീമതി വത്സലകുമാരി കെ.ജി., ശ്രീ. കെ.ജെ. ഫിലിപ്പ് കുഴികുളം, ശ്രീ. ഇ. രമേഷ് ബാബു, ശ്രീമതി എസ്. നിർമ്മലാദേവി, ശ്രീ. പി. ഗാനകുമാർ, ശ്രീ. സാബു എബ്രഹാം, ചീഫ് ജനറൽ മാനേജർമാരായ ശ്രീ. റോയ് എബ്രഹാം, ശ്രീ. അബ്ദുൽ മുജീബ് സി., ശ്രീ. എ.ആർ. രാജേഷ്, ജനറൽ മാനേജർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.