വായ്പ വീട്ടുപടിക്കല്‍
വായ്പ വീട്ടുപടിക്കല്‍

ഇടപാടുകാരുടെ വീട്ടുപടിക്കലെത്തി വായ്പ ലഭ്യമാക്കാന്‍ കഴിയുന്ന കേരള ബാങ്കിന്റെ കെ.ബി പ്രീമിയം വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പലിശ നിരക്കില്‍ 0.25% ഇളവ് പദ്ധതി പ്രകാരം ലഭ്യമാകും. എറണാകുളം കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസില്‍ നടന്ന ബാങ്കിന്റെ 2026-27 സാമ്പത്തീക വര്‍ഷത്തിലെ ആദ്യ ബിസിനസ് അവലോകനയോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ശ്രീ. പി.മോഹനന്‍ മാസ്റ്റര്‍ ആദ്യ വായ്പ അനുവാദപത്രം കൈമാറി. ബാങ്കില്‍ നിന്നും വായ്പയെടുക്കുകയും കുറഞ്ഞത് മൂന്ന് വര്‍ഷമായി കൃത്യമായി തിരിച്ചടവ് നടത്തുകയും ചെയ്യുന്ന ഇടപാടുകാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട വായ്പ പദ്ധതികളിലാണ് കെ.ബി പ്രീമിയം വായ്പ അനുവദിക്കുക. ബാങ്കിന്റെ പ്രൊസസ്സിംഗ് ചാര്‍ജ്ജില്‍ 50% വരെ ഇളവും പദ്ധതി പ്രകാരം ലഭ്യമാണ്. 48 മണിക്കൂറിനുള്ളില്‍ വായ്പ ലഭ്യമാക്കും. ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ.ജോര്‍ട്ടി എം.ചാക്കോ, ഭരണസമിതിയംഗങ്ങളായ ശ്രീ.പി.ഗാനകുമാര്‍, ശ്രീ.എസ്.ഹരിശങ്കര്‍,അഡ്വ.ശ്രീജ ഷൈജുദേവ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.റോയ് എബ്രഹാം,ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീ.എ.അനില്‍കുമാര്‍, ശ്രീ.റോയ് ടി.കെ എന്നിവര്‍ പങ്കെടുത്തു. ആകെ ബിസിനസ് 1.28 ലക്ഷം കോടി പിന്നിട്ട കേരള ബാങ്ക് നിലവില്‍ 53,240 കോടിയുടെ വായ്പയും 11,600കോടിയുടെ സ്വര്‍ണ്ണവായ്പയും അനുവദിച്ചിട്ടുണ്ട്.